Jonah 3

യോനാ നിനവേയിലേക്കു പോകുന്നു

1യഹോവയുടെ അരുളപ്പാട് യോനായ്ക്കു രണ്ടാമതും ഉണ്ടായി: 2“നീ വേഗത്തിൽ മഹാനഗരമായ നിനവേയിൽ ചെന്നു ഞാൻ നിനക്കു നൽകുന്ന ന്യായവിധിയുടെ സന്ദേശം അവിടെ വിളംബരംചെയ്യുക.”

3അങ്ങനെ യഹോവയുടെ അരുളപ്പാടനുസരിച്ച് യോനാ പെട്ടെന്നുതന്നെ നിനവേയിലേക്കു പോയി. ഒരറ്റംമുതൽ മറ്റേയറ്റംവരെ നടക്കാൻ മൂന്നുദിവസം വേണ്ടിവരുന്നത്ര വലുപ്പമുള്ള ഒരു നഗരമായിരുന്നു നിനവേ. 4യോനാ, പട്ടണത്തിൽ പ്രവേശിച്ച് ഒരു ദിവസത്തെ വഴി നടന്നശേഷം വിളിച്ചുപറഞ്ഞു: “നാൽപ്പതുദിവസം കഴിയുമ്പോൾ നിനവേനഗരം നശിപ്പിക്കപ്പെടും.” 5ഇതു കേട്ട നിനവേനിവാസികൾ ദൈവത്തിൽ വിശ്വസിച്ചു. അവർ ഒരു ഉപവാസം പ്രഖ്യാപിച്ചു. ചെറിയവർമുതൽ വലിയവർവരെ, എല്ലാവരും ചാക്കുശീല ധരിച്ചു.

6ഈ വാർത്ത അറിഞ്ഞപ്പോൾ നിനവേരാജാവും സിംഹാസനത്തിൽനിന്ന് എഴുന്നേറ്റു രാജകീയ വസ്ത്രങ്ങൾക്കു പകരം ചാക്കുശീല ധരിച്ച് ഭസ്മത്തിൽ ഇരുന്നു. 7തുടർന്ന് രാജാവ് ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി:

“നിനവേരാജാവിന്റെയും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരുടെയും കൽപ്പന:

“മനുഷ്യനോ മൃഗമോ—കന്നുകാലികളോ ആട്ടിൻപറ്റമോ—ഭക്ഷണസാധനമൊന്നും രുചിക്കുകപോലുമരുത്. അവയെ മേയിക്കാനോ വെള്ളം കുടിപ്പിക്കാനോ പാടില്ല.
8മനുഷ്യരും മൃഗങ്ങളും ചാക്കുശീല പുതയ്ക്കട്ടെ. എല്ലാവരും ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചു പ്രാർഥിക്കട്ടെ. എല്ലാവരും അവരവരുടെ ദുഷിച്ച ജീവിതശൈലിയും അക്രമാസക്തിയും ഉപേക്ഷിക്കട്ടെ. 9ആർക്കറിയാം? ദൈവം മനസ്സുമാറ്റി അവിടത്തെ ഉഗ്രകോപത്തിൽനിന്ന് പിന്തിരിഞ്ഞ് നമ്മെ നശിപ്പിക്കാതിരുന്നേക്കാം.”

10ജനത്തിന്റെ പ്രവൃത്തികളിലൂടെ അവരുടെ ദുഷിച്ച ജീവിതശൈലി ഉപേക്ഷിച്ചെന്ന് ദൈവം കണ്ടറിഞ്ഞു. അതുകൊണ്ട് അവരുടെമേൽ വരുത്തും എന്ന് അറിയിച്ചിരുന്ന നാശത്തിൽനിന്ന് ദൈവം പിന്തിരിഞ്ഞു. അത് അവരുടെമേൽ വരുത്തിയതുമില്ല.

Copyright information for MalMCV